Sunday, December 20, 2009

നെയ്ത്തിരി2

2 : ഭക്തിമഹത്വം
(കാകളി)
1ആദിത്യതേജസ്സു തോല്ക്കും കിരീടവും
ഗോപിക്കുറി ചേര്‍ന്നു മിന്നുന്ന നെററിയും
കാരുണ്യനിര്‍ഭരം നേത്രങ്ങളും നറും

പുഞ്ചിരിപ്പൂവുമഴകാര്‍ന്ന നാസിക
ഗണ്ഡങ്ങളില്‍ പ്രഭ തൂകുന്ന കുണ്ഡലം
കണ്ഠത്തിലോ ശോഭ ചിന്തുന്ന കൗസ്തുഭം
ശ്രീവത്സവും വനമാലയും മിന്നിടും
താവകരൂപം ഭജിക്കുവനെപ്പൊഴും.
2കേയൂരകങ്കണതോള്‍വളമോതിര-
മാദികള്‍, രത്നഖചിതങ്ങള്‍ ചാര്‍ത്തിയ
ശ്രീയുളള തൃക്കൈകള്‍ നാലും ധരിച്ചിടു-
മായുധം: ചക്രം,ഗദ, ശംഖപത്മവും;
കാഞ്ചനകാഞ്ചിയാല്‍ച്ചേര്‍ത്തിണക്കീടിന
പീതാംബരത്താലലങ്കൃതമായതും
വര്‍ണ്ണനാതീതവുമാം മേനിതാനെനി-
ക്കെന്നുമാലംബം ദുരിതങ്ങള്‍ തീരുവാന്‍.
3മൂന്നുലോകത്തിലുമുള്ള മഹത്വങ്ങള്
‍ആര്‍ന്നതിലൊക്കെയും വച്ചു മഹത്തരം,
മോഹനമായതിലേറെ സമ്മോഹനം,
തേജോമയങ്ങളില്‍ വച്ചു തേജോമയം,
മാധുര്യമാര്‍ന്നതിലേററം മധുരവും,
സുന്ദരമേററവും സൗന്ദര്യമുളളതില്‍,
ആശ്ചര്യപൂര്‍ണ്ണമാണാശ്ചര്യമാര്‍ന്നതില്‍;
ത്വദ്രൂപമേവര്‍ക്കുമേകുന്നു കൗതുകം.
4താവകപ്രേമത്തിലുളേളാരചഞ്ചല-
ഭാവമാര്‍ന്നച്യുത, കഷ്ടമത്രേ! രമ
സേവിച്ചിടും തന്റെ ഭക്തരൊത്തെപ്പൊഴും
മേവിടാറില്ലെന്ന സത്യമോര്‍ത്താവണം
കൈവല്യമാമനുഭൂതിയാല്‍ പ്രാപ്യമാം
താവകവിഗ്രഹം നേടിയ ദേവിയെ
കേവലം ചാപലശീലയെന്നെങ്ങുമേ
ഭാവിച്ചുപോരുന്നു മിക്കപേരും സദാ.
5ലക്ഷ്മീപതേ തവലാവണ്യധാരയാല്
‍ഈശ്വരി മുഗ്ദ്ധയാണാകയാലാവണം
നിന്നീടുമാറില്ല മററാരിലും ചിരം
എന്നുളളതിന്നൊരു ലക്ഷ്യമോതീടുവന്‍,
തന്‍പ്രിയവാര്‍ത്തകള്‍ കേള്‍ക്കാന്‍ മഹേശ്വരി
സമ്പ്രീതമാനസയാകയാലല്ലയോ
ഭക്തരെങ്ങങ്ങയെപ്പാടിപ്പുകഴ്ത്തുമോ
ദത്തമാം ശ്രദ്ധയോടങ്ങുതാന്‍ വാണിടും.
6ഈവിധമുളേളാരഴകിന്റെ പുത്തനാം
പീയൂഷധാമമാം നിന്‍ തിരുവിഗ്രഹം
ബ്രഹ്മരസായനമാമതിന്‍ കീര്‍ത്തികള്
‍സമ്മോദദായകം കേള്‍ക്കുവോര്‍ക്കൊക്കെയും;
ഉണ്ടായിടും സക്തി കേട്ടാലുടനെ താന്‍,
വീണ്ടും ശ്രവിക്കുവാന്‍ മോഹിച്ചുപോയിടും,
രോമാഞ്ചകഞ്ചുകം ചാര്‍ത്തിടും മേനിയില്‍,
സമ്മൂര്‍ച്ഛനം വരും ഹര്‍ഷാശ്രുധാരയാല്‍.7
ഇമ്മട്ടിലുള്ളോരനുഭവസിദ്ധിയാല്
‍കര്‍മ്മവും ജ്ഞാനവുമായ യോഗങ്ങളില്
‍കേമമായ്‌ യോഗ്യമായ്‌ ഭക്തിയോഗം മഹാ-
മാമുനിമാരും പുകഴ്ത്തിപ്പറയുന്നു;
സൗന്ദര്യസാരം നിറഞ്ഞുളള താവകം
സുന്ദരപ്രേമപ്രകര്‍ഷമാം ഭക്തിതന്
‍സാധന കേവലം സാമാന്യമര്‍ത്യനും
ഇന്ദിരാവല്ലഭ, ശക്യമാണെത്രയും.
8നിഷ്കാമകര്‍മ്മങ്ങളാല്‍ ലഭിച്ചീടുന്ന
മുക്തിക്കു കാലമൊരുപാടുപോകണം;
വ്യക്തമായ്‌ ഹൃത്തില്‍ പതിയാതെ പോയിടും
തത്വമാം വേദാന്തസാരം പഠിക്കുന്ന
ജ്ഞാനമാം യോഗമാണെത്രയും ദുഷ്കരം
നൂനമത്യന്തമസാമാന്യമാ വഴി;
താവകപ്രേമൈകരൂപമാം ഭക്തിയോ
കേവലം മാധുര്യപൂര്‍ണ്ണമാം മാര്‍ഗ്ഗമാം.
9എത്രയുമായാസപൂര്‍ണ്ണമാം കാര്യങ്ങള്
‍എത്രയോ കാലമനുഷ്ഠിച്ചിടും ചിലര്‍,
ജ്ഞാനഭക്ത്യാദിക്കു യോഗ്യരായ്ത്തീര്‍ന്നിടും
നൂനം പ്രയോജനമെന്തതുകൊണ്ടഹോ!
വേറേ ചിലര്‍ തത്വചിന്തകള്‍ ചെയ്തിടും
ഏറെത്തപിക്കുമതല്‍പം ഗ്രഹിക്കുവാന്‍;
നിര്‍ഗുണബ്രഹ്മസ്വരൂപമുപാസിച്ചു
സ്വര്‍ഗ്ഗത്തെ നേടുമനേകജന്മങ്ങളാല്‍.
10താവകഭക്തിതന്‍ മാര്‍ഗ്ഗത്തിലെപ്പൊഴും
കേവലം കേള്‍പ്പതു ത്വല്‍ക്കഥാകീര്‍ത്തനം
ചിത്തത്തിനാനന്ദമുണ്ടാകുമെന്നല്ല
സിദ്ധിക്കുമുത്തമജ്ഞാനമെളുപ്പമായ്‌.
ക്ഷിപ്രമനുഗ്രഹമേകിരക്ഷിക്കുവാന്
‍ഇപ്പാരിലിങ്ങു സ്വയം വിരാജിച്ചിടും
വാതാലയേശ്വര, നല്‍കേണമിന്നു ത്വല്‍-
പ്പാദാരവിന്ദത്തില്‍ ഭക്തിയും പ്രീതിയും.

No comments:

Post a Comment