3 : ഭക്തിപ്രാര്ത്ഥന
(നതോന്നത)
1പരമഭക്തന്മാര്ക്കിഷ്ടവരദാനം ചെയ്യും ദേവ,
പരമമാനന്ദം പാരില്‍ പരമെന്തുളളൂ!
സ്മരിക്കേണം ഭവദ്രൂപം, കഥിക്കേണം ഭവല്ക്കഥ
പരിപൂര്ണ്ണഭക്തിയതിലലിഞ്ഞിടേണം;
പരപ്പേറും ഭവല്ഭക്തിയരുളുന്നോരാനന്ദത്തില്
മറന്നു മറെറല്ലാം പാടേ മുഴുകിച്ചെമ്മേര
മിക്കുന്നു ഭവത്ഭക്തജനങ്ങളാം ധന്യര്‍ മന്നില്‍
പരമഭാഗ്യവാന്മാരുമവര് തന്നെയാം.
2ഗുരുതരരോഗാദിയാലതിക്ലേശം സഹിക്കാതെ
പൊരിയുന്നു മമദേഹമതിനാലിപ്പോള്
പരിപൂര്‍ണ്ണ, ഹരേ,ഭവല്പദങ്ങളില് സേവചെയ്യാന്
പരിപാകം മനസ്സിലില്ലടിയനൊട്ടും!
വെറുമൊരു ശിലപോലെ ഭവല്പാദം
മനതാരില്ഉറപ്പിച്ചിട്ടൊരുവരും വരാത്തദിക്കില്
മറഞ്ഞിരുന്നവിടുത്തെ സ്തുതിഗീതങ്ങളും പാടി
കരഞ്ഞുപോക്കണോ ശേഷമിരിക്കും കാലം?
3സകലശക്തനാം സ്വാമീ, അവിടുത്തെക്കൃപയാര്ന്നാല്
അഖിലവും നടന്നീടും തടവില്ലാതെ;
ശകലിതമാക്കാന് മമ ദുരിതങ്ങളവിടുത്തേ-
യ്ക്കകതാരില്ക്കരുണയിറ്റുദിച്ചാല്പ്പോരും.
ശകലമെന്നാലും ഭവല്ക്കൃപനേടാന് കഴിഞ്ഞവര്‍
സകലദുഃഖവും നീങ്ങി യഥേഷ്ടമെങ്ങും
അകന്നാശാപാശം സ്വൈരം ചരിക്കുന്നു;
മഹാഭാഗ്യംതികഞ്ഞവരുലകത്തിലനേകമത്രേ!
4പരമേശ, ഭവത്ഭക്തിയെഴുമവര് നാരദാദ്യര്
പരിപൂര്‍ണ്ണമനസ്സോടെ സേവചെയ്യുന്നോര്,
പരമഭാഗവതന്മാര് പദമലര്‍ മനം തന്നില്‍
ചിരമായിട്ടണിയുന്നോര് തടവില്ലാതെ
ഉരുശോഭയിയലുന്ന ചിദാനന്ദപ്രസരത്തിന്
പരിശോഭ കലര്‍ന്നെങ്ങും ചരിച്ചീടുന്നു.
പരബ്രഹ്മമയമായ പരമസൗഭാഗ്യം പാര്‍ത്താല്‍
ഒരുവന്നു ലഭിക്കുവാന്‍ പരമെന്തുളളൂ!
5ഹൃദി മമ പെരുകേണമവിടുത്തെപ്പേരില് ഭക്തി;
അതുനീക്കും മമരോഗപീഡകളെല്ലാം;
ഇതിലേതുമൊരുശങ്കയെനിക്കില്ല;
പണ്ടുപണ്ടേമതിമാന്മാര് മഹാജനം പറഞ്ഞീവണ്ണം;
അഥവായിങ്ങതിലേതാന് പിഴവന്നാല്‍ വേദവ്യാസ-
കഥിതവും ഭവാന് തന്നെയരുള് ചെയ്തതും
ചതുര്വേദവചനവും പെരുവഴി നടപ്പോന്റെ
വൃഥാവാക്കുപോലാമങ്ങേയ്ക്കതു യോഗ്യമോ?
6പ്രഥമമായനുഭവമെഴുമ്പോഴും ഭക്തിപോലെ
മധുരമാമൊരു വസ്തു മറ്റെന്തൊന്നുള്ളൂ!
അഭിവൃദ്ധിപ്പെടുന്തോറും പരിതാപമഖിലവും
ശമിപ്പിക്കാനതുപോലെയില്ല മറേറതും.
ശുഭപരിസമാപ്തിയില്‍ വിമലമാം പരിബോധ-
മകമേ വന്നുദിച്ചീടുമതുമൂലമായ്
പരമമാമാനന്ദത്തില് ഭവാനുമായ് രമിച്ചീടും;
അതില്പ്പരമിച്ഛിക്കുവാനെവിടെന്തുളളൂ!
7മല്പ്പാദങ്ങള്ക്കവിടുത്തെ മന്ദിരത്തിലണയുവാന്,
ത്വല്പ്പുരത്തിലിച്ഛപോലെ സഞ്ചരിക്കുവാന്‍,
കരങ്ങള്‍ക്കു പൂജാദികള്‍ മുടങ്ങാതെ നടത്തുവാന്‍,
തിരുവുടല്‍ കണ്ടുകൊളളാന് നയനങ്ങള്‍ക്കും,
നിര്മ്മാല്യമാം തുളസിതന് പരിമളം നുകരുവാന്‍
മമനാസാരന്ധ്രങ്ങള്ക്കുമതുപോലെന്നും,
തിരുനാമസങ്കീര്‍ത്തനം ശ്രവിക്കുവാന് കര്‍ണ്ണങ്ങള്‍ക്കും
കരുത്താവാന്‍ മമരോഗം കുറച്ചിടേണേ.
8അളവററു വളര്‍ന്നീടും വ്യാധികൊണ്ടുമാധികൊണ്ടും
ഇളകീടുമെന്മനസ്സിനുള്ളിലീശ്വര,
പരമമാം ആനന്ദത്തിന് രസമായി സ്ഫുരിച്ചീടും
തിരുവുടല്‍ മനോഹരം തെളിഞ്ഞിടേണം.
ഉദിച്ചീടും രോമാഞ്ചത്തിലുറവിടും ഹര്‍ഷബാഷ്പം
പതിക്കുമ്പോളതിലലിഞ്ഞടിയനോലും
അത്യസഹ്യം പീഡയെല്ലാം കുറഞ്ഞീടും, മറന്നീടു-
മതിനെനിക്കനുഗ്രഹമരുളിയാലും.
9അവിടുത്തോടേതും സക്തിയിയലാത്തോര് പോലുമില്ലേ
അവികലസുഖമാര്ന്നീയുലകില് വാഴ്വോര്!
കളങ്കമില്ലാത്ത ഭക്തിയെഴുമെനിക്കെന്തേ തന്നി-
തളവറ്റ ദുരിതങ്ങള്‍ ഹരേ, കംസാരേ?
കളങ്കം ത്വല്ക്കീര്ത്തിക്കേതും വരുത്താതെ മമരോഗം
കളയേണേ കാലം തെല്ലും കളഞ്ഞീടാതെ;
ഗുരുവായൂരപ്പ, ഭവച്ചരണദാസരില് മുഖ്യ-
നൊരുവനായീടാന് വരമരുളിടേണേ.
10പറയുവതെന്തിനേറെ പരമകാരുണികനാം
ഗുരുവായൂരപ്പ, കൃഷ്ണ, വരദമൂര്ത്തേ
കരുണയോടെന്നെക്കാക്കുന്നതുവരെ ദുരിതത്തിന്
പരാതികള്‍ പറയാതെയിവിടെയെങ്ങാന്
പുരോഭാഗത്തവിരാമം വിരാജിക്കും ഭവച്ചാരു-
ചരണപങ്കജങ്ങളില്‍ നമിച്ചുകൊണ്ടും
കഴിവുപോല് ഭജനവും തിരുനാമകീര്‍ത്തനവും
ഒഴിവില്ലാതനുഷ്ഠിച്ചും ദിനങ്ങള്‍ പോക്കും.
Monday, December 21, 2009
Sunday, December 20, 2009
നെയ്ത്തിരി2
2 : ഭക്തിമഹത്വം
(കാകളി)
1ആദിത്യതേജസ്സു തോല്‍ക്കും കിരീടവും
ഗോപിക്കുറി ചേര്‍ന്നു മിന്നുന്ന നെററിയും
കാരുണ്യനിര്ഭരം നേത്രങ്ങളും നറും
പുഞ്ചിരിപ്പൂവുമഴകാര്ന്ന നാസിക
ഗണ്ഡങ്ങളില്‍ പ്രഭ തൂകുന്ന കുണ്ഡലം
കണ്ഠത്തിലോ ശോഭ ചിന്തുന്ന കൗസ്തുഭം
ശ്രീവത്സവും വനമാലയും മിന്നിടും
താവകരൂപം ഭജിക്കുവനെപ്പൊഴും.
2കേയൂരകങ്കണതോള്വളമോതിര-
മാദികള്‍, രത്നഖചിതങ്ങള് ചാര്‍ത്തിയ
ശ്രീയുളള തൃക്കൈകള്‍ നാലും ധരിച്ചിടു-
മായുധം: ചക്രം,ഗദ, ശംഖപത്മവും;
കാഞ്ചനകാഞ്ചിയാല്ച്ചേര്ത്തിണക്കീടിന
പീതാംബരത്താലലങ്കൃതമായതും
വര്ണ്ണനാതീതവുമാം മേനിതാനെനി-
ക്കെന്നുമാലംബം ദുരിതങ്ങള്‍ തീരുവാന്‍.
3മൂന്നുലോകത്തിലുമുള്ള മഹത്വങ്ങള്‍
ആര്ന്നതിലൊക്കെയും വച്ചു മഹത്തരം,
മോഹനമായതിലേറെ സമ്മോഹനം,
തേജോമയങ്ങളില് വച്ചു തേജോമയം,
മാധുര്യമാര്ന്നതിലേററം മധുരവും,
സുന്ദരമേററവും സൗന്ദര്യമുളളതില്,
ആശ്ചര്യപൂര്ണ്ണമാണാശ്ചര്യമാര്ന്നതില്;
ത്വദ്രൂപമേവര്ക്കുമേകുന്നു കൗതുകം.
4താവകപ്രേമത്തിലുളേളാരചഞ്ചല-
ഭാവമാര്ന്നച്യുത, കഷ്ടമത്രേ! രമ
സേവിച്ചിടും തന്റെ ഭക്തരൊത്തെപ്പൊഴും
മേവിടാറില്ലെന്ന സത്യമോര്ത്താവണം
കൈവല്യമാമനുഭൂതിയാല് പ്രാപ്യമാം
താവകവിഗ്രഹം നേടിയ ദേവിയെ
കേവലം ചാപലശീലയെന്നെങ്ങുമേ
ഭാവിച്ചുപോരുന്നു മിക്കപേരും സദാ.
5ലക്ഷ്മീപതേ തവലാവണ്യധാരയാല്
ഈശ്വരി മുഗ്ദ്ധയാണാകയാലാവണം
നിന്നീടുമാറില്ല മററാരിലും ചിരം
എന്നുളളതിന്നൊരു ലക്ഷ്യമോതീടുവന്,
തന്പ്രിയവാര്ത്തകള് കേള്‍ക്കാന്‍ മഹേശ്വരി
സമ്പ്രീതമാനസയാകയാലല്ലയോ
ഭക്തരെങ്ങങ്ങയെപ്പാടിപ്പുകഴ്ത്തുമോ
ദത്തമാം ശ്രദ്ധയോടങ്ങുതാന് വാണിടും.
6ഈവിധമുളേളാരഴകിന്റെ പുത്തനാം
പീയൂഷധാമമാം നിന് തിരുവിഗ്രഹം
ബ്രഹ്മരസായനമാമതിന് കീര്ത്തികള്
സമ്മോദദായകം കേള്ക്കുവോര്ക്കൊക്കെയും;
ഉണ്ടായിടും സക്തി കേട്ടാലുടനെ താന്‍,
വീണ്ടും ശ്രവിക്കുവാന് മോഹിച്ചുപോയിടും,
രോമാഞ്ചകഞ്ചുകം ചാര്‍ത്തിടും മേനിയില്‍,
സമ്മൂര്ച്ഛനം വരും ഹര്ഷാശ്രുധാരയാല്.7
ഇമ്മട്ടിലുള്ളോരനുഭവസിദ്ധിയാല്
കര്‍മ്മവും ജ്ഞാനവുമായ യോഗങ്ങളില്‍
കേമമായ് യോഗ്യമായ് ഭക്തിയോഗം മഹാ-
മാമുനിമാരും പുകഴ്ത്തിപ്പറയുന്നു;
സൗന്ദര്യസാരം നിറഞ്ഞുളള താവകം
സുന്ദരപ്രേമപ്രകര്ഷമാം ഭക്തിതന്
സാധന കേവലം സാമാന്യമര്ത്യനും
ഇന്ദിരാവല്ലഭ, ശക്യമാണെത്രയും.
8നിഷ്കാമകര്മ്മങ്ങളാല് ലഭിച്ചീടുന്ന
മുക്തിക്കു കാലമൊരുപാടുപോകണം;
വ്യക്തമായ് ഹൃത്തില്‍ പതിയാതെ പോയിടും
തത്വമാം വേദാന്തസാരം പഠിക്കുന്ന
ജ്ഞാനമാം യോഗമാണെത്രയും ദുഷ്കരം
നൂനമത്യന്തമസാമാന്യമാ വഴി;
താവകപ്രേമൈകരൂപമാം ഭക്തിയോ
കേവലം മാധുര്യപൂര്ണ്ണമാം മാര്‍ഗ്ഗമാം.
9എത്രയുമായാസപൂര്ണ്ണമാം കാര്യങ്ങള്‍
എത്രയോ കാലമനുഷ്ഠിച്ചിടും ചിലര്‍,
ജ്ഞാനഭക്ത്യാദിക്കു യോഗ്യരായ്ത്തീര്ന്നിടും
നൂനം പ്രയോജനമെന്തതുകൊണ്ടഹോ!
വേറേ ചിലര്‍ തത്വചിന്തകള്‍ ചെയ്തിടും
ഏറെത്തപിക്കുമതല്പം ഗ്രഹിക്കുവാന്‍;
നിര്ഗുണബ്രഹ്മസ്വരൂപമുപാസിച്ചു
സ്വര്‍ഗ്ഗത്തെ നേടുമനേകജന്മങ്ങളാല്.
10താവകഭക്തിതന് മാര്ഗ്ഗത്തിലെപ്പൊഴും
കേവലം കേള്‍പ്പതു ത്വല്ക്കഥാകീര്ത്തനം
ചിത്തത്തിനാനന്ദമുണ്ടാകുമെന്നല്ല
സിദ്ധിക്കുമുത്തമജ്ഞാനമെളുപ്പമായ്.
ക്ഷിപ്രമനുഗ്രഹമേകിരക്ഷിക്കുവാന്
ഇപ്പാരിലിങ്ങു സ്വയം വിരാജിച്ചിടും
വാതാലയേശ്വര, നല്കേണമിന്നു ത്വല്‍-
പ്പാദാരവിന്ദത്തില് ഭക്തിയും പ്രീതിയും.
(കാകളി)
1ആദിത്യതേജസ്സു തോല്‍ക്കും കിരീടവും
ഗോപിക്കുറി ചേര്‍ന്നു മിന്നുന്ന നെററിയും
കാരുണ്യനിര്ഭരം നേത്രങ്ങളും നറും
പുഞ്ചിരിപ്പൂവുമഴകാര്ന്ന നാസിക
ഗണ്ഡങ്ങളില്‍ പ്രഭ തൂകുന്ന കുണ്ഡലം
കണ്ഠത്തിലോ ശോഭ ചിന്തുന്ന കൗസ്തുഭം
ശ്രീവത്സവും വനമാലയും മിന്നിടും
താവകരൂപം ഭജിക്കുവനെപ്പൊഴും.
2കേയൂരകങ്കണതോള്വളമോതിര-
മാദികള്‍, രത്നഖചിതങ്ങള് ചാര്‍ത്തിയ
ശ്രീയുളള തൃക്കൈകള്‍ നാലും ധരിച്ചിടു-
മായുധം: ചക്രം,ഗദ, ശംഖപത്മവും;
കാഞ്ചനകാഞ്ചിയാല്ച്ചേര്ത്തിണക്കീടിന
പീതാംബരത്താലലങ്കൃതമായതും
വര്ണ്ണനാതീതവുമാം മേനിതാനെനി-
ക്കെന്നുമാലംബം ദുരിതങ്ങള്‍ തീരുവാന്‍.
3മൂന്നുലോകത്തിലുമുള്ള മഹത്വങ്ങള്‍
ആര്ന്നതിലൊക്കെയും വച്ചു മഹത്തരം,
മോഹനമായതിലേറെ സമ്മോഹനം,
തേജോമയങ്ങളില് വച്ചു തേജോമയം,
മാധുര്യമാര്ന്നതിലേററം മധുരവും,
സുന്ദരമേററവും സൗന്ദര്യമുളളതില്,
ആശ്ചര്യപൂര്ണ്ണമാണാശ്ചര്യമാര്ന്നതില്;
ത്വദ്രൂപമേവര്ക്കുമേകുന്നു കൗതുകം.
4താവകപ്രേമത്തിലുളേളാരചഞ്ചല-
ഭാവമാര്ന്നച്യുത, കഷ്ടമത്രേ! രമ
സേവിച്ചിടും തന്റെ ഭക്തരൊത്തെപ്പൊഴും
മേവിടാറില്ലെന്ന സത്യമോര്ത്താവണം
കൈവല്യമാമനുഭൂതിയാല് പ്രാപ്യമാം
താവകവിഗ്രഹം നേടിയ ദേവിയെ
കേവലം ചാപലശീലയെന്നെങ്ങുമേ
ഭാവിച്ചുപോരുന്നു മിക്കപേരും സദാ.
5ലക്ഷ്മീപതേ തവലാവണ്യധാരയാല്
ഈശ്വരി മുഗ്ദ്ധയാണാകയാലാവണം
നിന്നീടുമാറില്ല മററാരിലും ചിരം
എന്നുളളതിന്നൊരു ലക്ഷ്യമോതീടുവന്,
തന്പ്രിയവാര്ത്തകള് കേള്‍ക്കാന്‍ മഹേശ്വരി
സമ്പ്രീതമാനസയാകയാലല്ലയോ
ഭക്തരെങ്ങങ്ങയെപ്പാടിപ്പുകഴ്ത്തുമോ
ദത്തമാം ശ്രദ്ധയോടങ്ങുതാന് വാണിടും.
6ഈവിധമുളേളാരഴകിന്റെ പുത്തനാം
പീയൂഷധാമമാം നിന് തിരുവിഗ്രഹം
ബ്രഹ്മരസായനമാമതിന് കീര്ത്തികള്
സമ്മോദദായകം കേള്ക്കുവോര്ക്കൊക്കെയും;
ഉണ്ടായിടും സക്തി കേട്ടാലുടനെ താന്‍,
വീണ്ടും ശ്രവിക്കുവാന് മോഹിച്ചുപോയിടും,
രോമാഞ്ചകഞ്ചുകം ചാര്‍ത്തിടും മേനിയില്‍,
സമ്മൂര്ച്ഛനം വരും ഹര്ഷാശ്രുധാരയാല്.7
ഇമ്മട്ടിലുള്ളോരനുഭവസിദ്ധിയാല്
കര്‍മ്മവും ജ്ഞാനവുമായ യോഗങ്ങളില്‍
കേമമായ് യോഗ്യമായ് ഭക്തിയോഗം മഹാ-
മാമുനിമാരും പുകഴ്ത്തിപ്പറയുന്നു;
സൗന്ദര്യസാരം നിറഞ്ഞുളള താവകം
സുന്ദരപ്രേമപ്രകര്ഷമാം ഭക്തിതന്
സാധന കേവലം സാമാന്യമര്ത്യനും
ഇന്ദിരാവല്ലഭ, ശക്യമാണെത്രയും.
8നിഷ്കാമകര്മ്മങ്ങളാല് ലഭിച്ചീടുന്ന
മുക്തിക്കു കാലമൊരുപാടുപോകണം;
വ്യക്തമായ് ഹൃത്തില്‍ പതിയാതെ പോയിടും
തത്വമാം വേദാന്തസാരം പഠിക്കുന്ന
ജ്ഞാനമാം യോഗമാണെത്രയും ദുഷ്കരം
നൂനമത്യന്തമസാമാന്യമാ വഴി;
താവകപ്രേമൈകരൂപമാം ഭക്തിയോ
കേവലം മാധുര്യപൂര്ണ്ണമാം മാര്‍ഗ്ഗമാം.
9എത്രയുമായാസപൂര്ണ്ണമാം കാര്യങ്ങള്‍
എത്രയോ കാലമനുഷ്ഠിച്ചിടും ചിലര്‍,
ജ്ഞാനഭക്ത്യാദിക്കു യോഗ്യരായ്ത്തീര്ന്നിടും
നൂനം പ്രയോജനമെന്തതുകൊണ്ടഹോ!
വേറേ ചിലര്‍ തത്വചിന്തകള്‍ ചെയ്തിടും
ഏറെത്തപിക്കുമതല്പം ഗ്രഹിക്കുവാന്‍;
നിര്ഗുണബ്രഹ്മസ്വരൂപമുപാസിച്ചു
സ്വര്‍ഗ്ഗത്തെ നേടുമനേകജന്മങ്ങളാല്.
10താവകഭക്തിതന് മാര്ഗ്ഗത്തിലെപ്പൊഴും
കേവലം കേള്‍പ്പതു ത്വല്ക്കഥാകീര്ത്തനം
ചിത്തത്തിനാനന്ദമുണ്ടാകുമെന്നല്ല
സിദ്ധിക്കുമുത്തമജ്ഞാനമെളുപ്പമായ്.
ക്ഷിപ്രമനുഗ്രഹമേകിരക്ഷിക്കുവാന്
ഇപ്പാരിലിങ്ങു സ്വയം വിരാജിച്ചിടും
വാതാലയേശ്വര, നല്കേണമിന്നു ത്വല്‍-
പ്പാദാരവിന്ദത്തില് ഭക്തിയും പ്രീതിയും.
Saturday, December 19, 2009
നെയ്ത്തിരി1 :
നെയ്ത്തിരി1 :
ഭഗവത്സ്വരൂപം, മാഹാത്മ്യം.
(കാകളി)
1സാന്ദ്രമാമാനന്ദബോധം സ്വരൂപമായ്,
കാലദേശാദിക്കതീതമായ് മുക്തമായ്
വ്യക്തമല്ലെങ്കിലും ദര്‍ശനമാത്രേണ
ജന്മസാഫല്യം തരും പരബ്രഹ്മമായ്
വേദലക്ഷങ്ങള്‍ തെളിക്കുന്ന തത്വമായ്
ശോഭിപ്പതാം ബ്രഹ്മതത്വം സനാതനം
പ്രത്യക്ഷമായ് ഗുരുവായൂരില്‍ മിന്നുന്നു
മര്ത്യര്ക്കഹോ മഹാഭാഗ്യം നിനയ്ക്കുകില്‍!
2ഈവിധം ദുര്‍ലഭമാമൊന്നിരിക്കിലും
നാവും മനസ്സും ശരീരവും കൊണ്ടഹോ!
മററു വസ്തുക്കളെത്തേടുന്നിതാളുക
ള്ക്ഷുദ്രമെന്നത്രേ പറയേണ്ടു കഷ്ടമേ!
നാനാതരം പീഡ തീര്‍ത്തു കാത്തീടുവാന്
നാമിങ്ങു ചാഞ്ചല്യമില്ലാത്ത ഹൃത്തുമായ്
സര്‍വ്വാത്മനാ ശ്രീ ഗുരുവായൂരപ്പനാ-
ണാശ്രയമെന്നുള്ളിലോര്‍ത്തു വസിക്കുന്നു.
3”തത്വാര്ത്ഥമല്ലാതെയൊന്നുമായ് ചേരാതെ
നില്ക്കയാല് ശുദ്ധമായ് വാഴുന്ന തത്വമാം
അംഗവുമിന്ദ്രിയജാലവും നിന് തനു”
ഇങ്ങനെ വ്യാസന് പറഞ്ഞു പലകുറി!
ഈ വിധം നിര്‍മ്മലമാകയാല്‍ക്കണ്ണിനും
കേള്‍വിക്കുമോര്‍മ്മയ്ക്കുമേറ്റം രസാസ്പദം
സാരമായ് ഹൃത്തില്‍ വിളങ്ങും മനോജ്ഞമാം
നിന് രൂപമൊന്നില്‍ രമിക്കുന്നു സജ്ജനം.
4നിശ്ചലം നിത്യം നിറഞ്ഞു നില്ക്കുന്നതാം,
നിസ്തുലമാനന്ദപീയൂഷഭാജനം
നാനാതരം മുത്തു തന്നില്‍ നിറച്ചുള്ള
നിര്‍മ്മലബ്രഹ്മമാമാഴിയല്ലോ ഭവാന്!
നിന്നലച്ചാര്‍ത്താണു സദ്ഗുണമെന്നുതാന്‍
നന്നായറിവുള്ള സത്തുക്കളോതുന്നു;
നിശ്ശേഷമില്ല കളങ്കമെന്നല്ല നീ
നിശ്ചയം സല്‍ക്കലാരൂപനാണെന്നതും.
5കര്‍മ്മത്തില്‍ ബന്ധം തനിക്കില്ലയെങ്കിലും
ജന്മാദിമുക്തനാമങ്ങു നിഷ്ക്കാരണം
ഈക്ഷണപ്രക്രിയാലോലനായപ്പൊഴേ
കല്പം തുടങ്ങി; അക്കാലം പ്രകൃതിയും
കെല്പോടുണര്ന്നു; ഭവാനഘം നീക്കുന്ന
വൈകുണ്ഠരൂപത്തെയാര്‍ജ്ജിച്ചു; മായയില്‍
ഇമ്പം കലരാതെയും മറയ്ക്കാതെയും
അമ്പോടു കൈക്കൊണ്ടു സത്വഗുണത്തെയും.
6നീലമേഘാഭയും കായാമ്പൂവര്‍ണ്ണവും
മേളിച്ച നിന് മേനിയെത്രയോ കോമളം!
പുണ്യവാന്മാരുടെ കണ്ണിന്നു സമ്പൂര്‍ണ്ണ-
പുണ്യാവതാരം തഥാ മോക്ഷദായകം
അമ്മഹാലക്ഷ്മിക്കു കേളിക്കൊരങ്കണം
നിര്‍മ്മലധ്യാനമുള്ളോര്‍ക്കോ സുധാരസം
ആയുള്ള പൂവുടല്‍ ധ്യാനിപ്പനെന്നുമേ
വായുപുരേശ്വര, കാരുണ്യസാഗര!
7സംസാരചേഷ്ടകളാലുഴന്നീടുന്ന
ജന്തുക്കള്‍ തന് ദശ കണ്ടിട്ടിതേവരെ
നിന് സൃഷ്ടിചേഷ്ടകള്‍ കഷ്ടമെന്നോര്‍ത്തു ഞാന്‍
വാസ്തവമിപ്പോളറിയുന്നു തക്കപോല്‍.
നിന് ചിദാനന്ദസമുദ്രത്തില്‍ മുങ്ങുവാന്‍
കണ്ണിനാല്ക്കാതിനാലാസ്വദിച്ചീടുവാന്
ഇന്നാര്‍ക്കുമേ സാദ്ധ്യമല്ലീ ധരിത്രിയില്‍
വന്നുപിറക്കാതെയെന്നറിയുന്നു ഞാന്‍.
8വന്നപേക്ഷിക്കിലുമല്ലായ്കിലും നിന്നെ
വന്ദിച്ചിടുന്നവര്‍ക്കേകുന്നു സര്‍വവും
അന്തികേ ചേര്‍ത്തുടന്‍, ആനന്ദമുക്തിയും;
അത്തരം കല്‍പകവൃക്ഷമല്ലോ ഭവാന്!
ഇങ്ങനെയെണ്ണമററുള്ള ഫലങ്ങളാല്‍
സമ്പൂര്ണ്ണനങ്ങിങ്ങിരിക്കിലുമര്ത്ഥികള്
പാഴിലേയിന്ദ്രന്റെ പൂന്തോപ്പിലെ വെറും
പാഴ്മരത്തിന്നായ് കൊതിക്കുന്നു കഷ്ടമേ!
9മുററുമീ ലോകത്തില്‍ വാഴുന്ന ജീവികള്‍-
ക്കുററതാം സ്വാമിത്വമാര്ന്നു വാഴുന്നവര്‍
മററുളള ദേവകളൈശ്വര്യഹേതുവായ്
മറേററെ വസ്തുക്കളേകുമര്‍ത്ഥിക്കുകില്‍;
സ്വാംശത്തെത്തന്നെയും മുക്തിയുമേകുന്നോ-
രീശ്വരാ നീതാന്‍ നിനക്കുളള സ്വാമിയും.
ശാശ്വതാനന്ദസന്ദായക, സന്മയ,
ശൗരേ, പരമാത്മരാമ, നമോസ്തുതേ.
10ശങ്കരനാദിയാം ദേവകള്ക്കീശ്വര,
നിങ്കലെ ശ്രീതാനവതാരഹേതുവായ്;
സൂര്യാദിതേജസ്സു പോലുമടക്കിടും
വീര്യത്തിനാസ്പദമാണു ഭവാന് വിഭോ!
നിര്‍മ്മലകീര്‍ത്തിയാല്‍ നിസ്സംഗരായുളേളാ-
രമ്മുനിമാരും സ്തുതിപ്പു നിന് നാമങ്ങള്‍;
ശ്രീദേവിയെപ്പൊഴും നീയൊത്തു വാഴുവോള്‍
നീ ധാമമാണു വിദ്യാദിക്കു നിസ്സംഗ;
ഏവം ഭഗവാനെന്നുള്ളൊരു നാമത്തി-
നാവും ഹരേ,ഭവാന് മുഖ്യമാമാശ്രയം.
രചന: ബാലേന്ദു kavibalendu@gmail.com
ഭഗവത്സ്വരൂപം, മാഹാത്മ്യം.
(കാകളി)
1സാന്ദ്രമാമാനന്ദബോധം സ്വരൂപമായ്,
കാലദേശാദിക്കതീതമായ് മുക്തമായ്
വ്യക്തമല്ലെങ്കിലും ദര്‍ശനമാത്രേണ
ജന്മസാഫല്യം തരും പരബ്രഹ്മമായ്
വേദലക്ഷങ്ങള്‍ തെളിക്കുന്ന തത്വമായ്
ശോഭിപ്പതാം ബ്രഹ്മതത്വം സനാതനം
പ്രത്യക്ഷമായ് ഗുരുവായൂരില്‍ മിന്നുന്നു
മര്ത്യര്ക്കഹോ മഹാഭാഗ്യം നിനയ്ക്കുകില്‍!
2ഈവിധം ദുര്‍ലഭമാമൊന്നിരിക്കിലും
നാവും മനസ്സും ശരീരവും കൊണ്ടഹോ!
മററു വസ്തുക്കളെത്തേടുന്നിതാളുക
ള്ക്ഷുദ്രമെന്നത്രേ പറയേണ്ടു കഷ്ടമേ!
നാനാതരം പീഡ തീര്‍ത്തു കാത്തീടുവാന്
നാമിങ്ങു ചാഞ്ചല്യമില്ലാത്ത ഹൃത്തുമായ്
സര്‍വ്വാത്മനാ ശ്രീ ഗുരുവായൂരപ്പനാ-
ണാശ്രയമെന്നുള്ളിലോര്‍ത്തു വസിക്കുന്നു.
3”തത്വാര്ത്ഥമല്ലാതെയൊന്നുമായ് ചേരാതെ
നില്ക്കയാല് ശുദ്ധമായ് വാഴുന്ന തത്വമാം
അംഗവുമിന്ദ്രിയജാലവും നിന് തനു”
ഇങ്ങനെ വ്യാസന് പറഞ്ഞു പലകുറി!
ഈ വിധം നിര്‍മ്മലമാകയാല്‍ക്കണ്ണിനും
കേള്‍വിക്കുമോര്‍മ്മയ്ക്കുമേറ്റം രസാസ്പദം
സാരമായ് ഹൃത്തില്‍ വിളങ്ങും മനോജ്ഞമാം
നിന് രൂപമൊന്നില്‍ രമിക്കുന്നു സജ്ജനം.
4നിശ്ചലം നിത്യം നിറഞ്ഞു നില്ക്കുന്നതാം,
നിസ്തുലമാനന്ദപീയൂഷഭാജനം
നാനാതരം മുത്തു തന്നില്‍ നിറച്ചുള്ള
നിര്‍മ്മലബ്രഹ്മമാമാഴിയല്ലോ ഭവാന്!
നിന്നലച്ചാര്‍ത്താണു സദ്ഗുണമെന്നുതാന്‍
നന്നായറിവുള്ള സത്തുക്കളോതുന്നു;
നിശ്ശേഷമില്ല കളങ്കമെന്നല്ല നീ
നിശ്ചയം സല്‍ക്കലാരൂപനാണെന്നതും.
5കര്‍മ്മത്തില്‍ ബന്ധം തനിക്കില്ലയെങ്കിലും
ജന്മാദിമുക്തനാമങ്ങു നിഷ്ക്കാരണം
ഈക്ഷണപ്രക്രിയാലോലനായപ്പൊഴേ
കല്പം തുടങ്ങി; അക്കാലം പ്രകൃതിയും
കെല്പോടുണര്ന്നു; ഭവാനഘം നീക്കുന്ന
വൈകുണ്ഠരൂപത്തെയാര്‍ജ്ജിച്ചു; മായയില്‍
ഇമ്പം കലരാതെയും മറയ്ക്കാതെയും
അമ്പോടു കൈക്കൊണ്ടു സത്വഗുണത്തെയും.
6നീലമേഘാഭയും കായാമ്പൂവര്‍ണ്ണവും
മേളിച്ച നിന് മേനിയെത്രയോ കോമളം!
പുണ്യവാന്മാരുടെ കണ്ണിന്നു സമ്പൂര്‍ണ്ണ-
പുണ്യാവതാരം തഥാ മോക്ഷദായകം
അമ്മഹാലക്ഷ്മിക്കു കേളിക്കൊരങ്കണം
നിര്‍മ്മലധ്യാനമുള്ളോര്‍ക്കോ സുധാരസം
ആയുള്ള പൂവുടല്‍ ധ്യാനിപ്പനെന്നുമേ
വായുപുരേശ്വര, കാരുണ്യസാഗര!
7സംസാരചേഷ്ടകളാലുഴന്നീടുന്ന
ജന്തുക്കള്‍ തന് ദശ കണ്ടിട്ടിതേവരെ
നിന് സൃഷ്ടിചേഷ്ടകള്‍ കഷ്ടമെന്നോര്‍ത്തു ഞാന്‍
വാസ്തവമിപ്പോളറിയുന്നു തക്കപോല്‍.
നിന് ചിദാനന്ദസമുദ്രത്തില്‍ മുങ്ങുവാന്‍
കണ്ണിനാല്ക്കാതിനാലാസ്വദിച്ചീടുവാന്
ഇന്നാര്‍ക്കുമേ സാദ്ധ്യമല്ലീ ധരിത്രിയില്‍
വന്നുപിറക്കാതെയെന്നറിയുന്നു ഞാന്‍.
8വന്നപേക്ഷിക്കിലുമല്ലായ്കിലും നിന്നെ
വന്ദിച്ചിടുന്നവര്‍ക്കേകുന്നു സര്‍വവും
അന്തികേ ചേര്‍ത്തുടന്‍, ആനന്ദമുക്തിയും;
അത്തരം കല്‍പകവൃക്ഷമല്ലോ ഭവാന്!
ഇങ്ങനെയെണ്ണമററുള്ള ഫലങ്ങളാല്‍
സമ്പൂര്ണ്ണനങ്ങിങ്ങിരിക്കിലുമര്ത്ഥികള്
പാഴിലേയിന്ദ്രന്റെ പൂന്തോപ്പിലെ വെറും
പാഴ്മരത്തിന്നായ് കൊതിക്കുന്നു കഷ്ടമേ!
9മുററുമീ ലോകത്തില്‍ വാഴുന്ന ജീവികള്‍-
ക്കുററതാം സ്വാമിത്വമാര്ന്നു വാഴുന്നവര്‍
മററുളള ദേവകളൈശ്വര്യഹേതുവായ്
മറേററെ വസ്തുക്കളേകുമര്‍ത്ഥിക്കുകില്‍;
സ്വാംശത്തെത്തന്നെയും മുക്തിയുമേകുന്നോ-
രീശ്വരാ നീതാന്‍ നിനക്കുളള സ്വാമിയും.
ശാശ്വതാനന്ദസന്ദായക, സന്മയ,
ശൗരേ, പരമാത്മരാമ, നമോസ്തുതേ.
10ശങ്കരനാദിയാം ദേവകള്ക്കീശ്വര,
നിങ്കലെ ശ്രീതാനവതാരഹേതുവായ്;
സൂര്യാദിതേജസ്സു പോലുമടക്കിടും
വീര്യത്തിനാസ്പദമാണു ഭവാന് വിഭോ!
നിര്‍മ്മലകീര്‍ത്തിയാല്‍ നിസ്സംഗരായുളേളാ-
രമ്മുനിമാരും സ്തുതിപ്പു നിന് നാമങ്ങള്‍;
ശ്രീദേവിയെപ്പൊഴും നീയൊത്തു വാഴുവോള്‍
നീ ധാമമാണു വിദ്യാദിക്കു നിസ്സംഗ;
ഏവം ഭഗവാനെന്നുള്ളൊരു നാമത്തി-
നാവും ഹരേ,ഭവാന് മുഖ്യമാമാശ്രയം.
രചന: ബാലേന്ദു kavibalendu@gmail.com
Subscribe to:
Posts (Atom)